നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുങ്ങിയ ശില്‍പ്പശാല


ദമാം: നാടന്‍പാട്ടിലെ പുതിയ പ്രവണതകള്‍ അവ ജനകീയമാക്കുന്നതിന്‌ സഹായിച്ചുവെന്നത്‌ യാഥാര്‍ത്ഥ്യം. എന്നാല്‍ അവയെ തനത്‌ നാടന്‍പാട്ടുകളുടെ ഗണത്തിലേക്ക്‌ സ്വീകരിക്കാന്‍ കഴിയില്ലെന്ന്‌ നാടന്‍ പാട്ടുകളുടെ സമ്പാദകനും ഗവേഷനകുമായ ഉദയന്‍ അഭിപ്രായപ്പെട്ടു. നവോദയ കലാ സാംസ്‌കാരിക വേദി സൈഹാത്തില്‍ സംഘടിപ്പിച്ച `നാടന്‍ പാട്ടിന്റെ സാഹിത്യവും സംഗീതവും' ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തി ഏഴായിരം നാടന്‍ പാട്ടുകളുടെ ശേഖരം കൈവശമമുള്ള ഉദയന്‍ ശില്‍പ്പശാലയില്‍ പാട്ടുകളിലൂടെയും സംഭാഷണങ്ങളിലൂടെയും നാടന്‍ പാട്ടിന്റെ ചരിത്രവും വൈവിധ്യവും കാണികളുമായി പങ്കുവെച്ചു. എഴുതപ്പെട്ടതോ, കേള്‍ക്കപ്പെട്ടതോ ആയിരുന്നില്ല നാടന്‍ പാട്ടുകള്‍. അടിയാളന്റെ നെഞ്ചകത്ത്‌ നിന്ന്‌ വന്നിരുന്ന അവന്റെ സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും സ്വാഭാവിക പ്രതിഫലനമായിരുന്നു നാടന്‍ പാട്ടുകളെന്ന്‌ ഉദയന്‍ പാട്ടിലൂടെ സദസിനെ ബോധ്യപ്പെടുത്തി. പണിയരുടെ പാട്ട്‌, കുറുമരുടെ പാട്ട്‌, തുളു ഭാഷയിലുള്ള പാട്ട്‌, പണിപ്പാട്ടുകള്‍, കിളിയേറ്‌ പാട്ടുകള്‍, വടക്കന്‍ പാട്ട്‌, പാണന്‍ പാട്ട്‌, കൊയ്‌ത്തു പാട്ട്‌, നടീല്‍ പാട്ടുകള്‍, വായ്‌ത്താരികള്‍ തുടങ്ങി നാടന്‍ പാട്ടിന്റെ വൈവിധ്യങ്ങള്‍ ശില്‍പ്പശാലയില്‍ ഉദയന്‍ സദസിന്‌ പാടി പകര്‍ന്നു.
നാടന്‍പാട്ടിന്റെ ചരിത്രവും രാഷ്‌ട്രീയവും താളവും ഈണവും ചര്‍ച്ച ചെയ്‌ത ശില്‍പ്പശാലയില്‍ സദസ്‌ പാടിയും ഏറ്റുപാടിയും സജീവമായിരുന്നു.
ംവൈക്കം സത്യാഗ്രഹം ദളിതന്‍ ഏത്‌ കാഴ്‌ചപ്പാടിലൂടെയാണ്‌ കണ്ടതെന്ന്‌ വിവരിക്കുന്ന നാടന്‍ പാട്ടും, മാപ്പിള രാമായണവും നര്‍മ്മത്തിനൊപ്പം ഒരു കാലഘട്ടത്തിന്റെ സാമൂഹിക പരിസരത്തെ പകര്‍ന്ന്‌ നല്‍കുന്നതില്‍ നാടന്‍ പാട്ടുകള്‍ വഹിക്കുന്ന പങ്ക്‌ ബോധ്യപ്പെടുത്തുന്നതായിരുന്നു.
നാടന്‍ പാട്ടിലെ അവര്‍ണ സവര്‍ണ ശൈലിയും ഭാഷയും ചര്‍ച്ചാവിഷയമായി. ഭാഷക്ക്‌ രാഷ്‌ട്രീയമുണ്ടെന്നും, രാഷ്‌ട്രീയ അധിനിവേശത്തിന്‌ ഭാഷ ഒരു ഉപകരണമാണെന്നും ചര്‍ച്ചക്ക്‌ ആമുഖം നിര്‍വഹിച്ച എഴുത്തുകാരന്‍ പി.ജെ.ജെ. ആന്റണി പറഞ്ഞു. സി.വി. ജോസ്‌ ചര്‍ച്ച നിയന്ത്രിച്ചു.