വിസ തട്ടിപ്പ്‌: ഖഫ്‌ജിയില്‍ കുടുങ്ങിയ നാല്‌ മലയാളികള്‍ക്ക്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ വഴിയൊരുങ്ങുന്നു.

ദമാം: ഗള്‍ഫ്‌ ജോലിയുടെ മോഹനപ്രതീക്ഷകളുമായെത്തി ഏറെ കഷ്‌ടപ്പെട്ട്‌ ഖഫ്‌ജിയില്‍ കുടുങ്ങിയ നാല്‌ മലയാളികള്‍ക്ക്‌ നാട്ടില്‍ തിരിച്ചെത്താന്‍ വഴിയൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി നന്ദകുമാര്‍ (40), ദേവതിയാല്‍ പോള്‍ (52), തിരൂരങ്ങഠടി മുന്നിയൂര്‍ മനോജ്‌ (30), കോഴിക്കോട്‌ ജില്ലയില്‍ രാമനാട്ടുകര രാജന്‍ (40) എന്നിവര്‍ നാട്ടിലേക്ക്‌ മടങ്ങാനാവാതെ ഖഫ്‌ജിയില്‍ വലയുന്നതായി മലയാളം ന്യൂസ്‌ (നവം. 3) വാര്‍ത്ത നല്‍കിയിരുന്നു.
മെയ്‌ 28നാണ്‌ ഇവരുള്‍പ്പെടെ പത്ത്‌ പേര്‍ സൗദിയില്‍ ജോലിക്കെത്തിയത്‌. മൂവായിരം റിയാലാണ്‌ ഏജന്റ്‌ ശമ്പളം ഓഫര്‍ ചെയ്‌തത്‌. നേരത്തെ ദമാമില്‍ ജോലി ചെയ്‌തിരുന്ന താന്‍ അത്രയും ശമ്പളം ഉണ്ടാവില്ലല്ലോ എന്ന്‌ സംശയം പ്രകടിപ്പിച്ചപ്പോള്‍ ഇതേ കമ്പനിയിലാണ്‌ തനിക്കും ജോലിയെന്നും, നല്ല ശമ്പളമുണ്ടെന്നും മലയാളി ഏജന്റ്‌ ആവര്‍ത്തിച്ചപ്പോള്‍ വിശ്വസിക്കുകയായിരുന്നുവെന്ന്‌ നന്ദകുമാര്‍ മലയാളം ന്യൂസിനോട്‌ പറഞ്ഞു.
വീടിന്റെ ആധാരം പണയപ്പെടുത്തിയും, സ്വര്‍ണം വിറ്റും കടം വാങ്ങിയുമാണ്‌ വിസക്ക്‌ ഒരു ലക്ഷം രൂപ നല്‍കിയത്‌. സൗദി ജോര്‍ദാന്‍ അതിര്‍ത്തിയിലെ ഹദീനില്‍ കസ്റ്റംസില്‍ ലേബര്‍ ജോലിക്കാണ്‌ കൊണ്ടുവന്നത്‌. ഇവിടെ എത്തിയപ്പോഴാണ്‌ മറ്റൊരു കമ്പനിക്ക്‌ കീഴിലാണ്‌ ജോലിയെന്ന്‌ അറിഞ്ഞത്‌. ഓഫര്‍ ചെയ്‌ത ജോലിയും ശമ്പളവും ഇല്ലെന്ന്‌ ബോധ്യമായതോടെ പത്ത്‌ പേരും നാട്ടിലേക്ക്‌ തിരിച്ചയക്കണമെന്ന്‌ ആവശ്യപ്പെട്ടു. നാട്ടിലെ ഏജന്റുമാരുമായി ബന്ധപ്പെട്ടു. മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും പരാതി പോയി. പത്രങ്ങളിലും വാര്‍ത്തകള്‍ വന്നു. പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ ഉടനെ തിരിച്ചെത്തിക്കാമെന്ന്‌ ഏജന്റ്‌ ഉറപ്പ്‌ നല്‍കിയതായി തിരൂരങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ പറഞ്ഞുവെന്ന്‌ പോള്‍ വ്യക്തമാക്കി. ജൂലൈ 20ന്‌ പേരെ ഇഖാമയെടുക്കുന്നതിന്‌ മുമ്പ്‌ തന്നെ നാട്ടിലേക്ക്‌ തിരിച്ചയച്ചു. നാല്‌ പേരെ ആഗസ്‌റ്റ്‌ 5ന്‌ നാട്ടിലെത്തിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കി നാട്ടില്‍ അവധിക്ക്‌ പോയ ഏജന്റ്‌ പിന്നീട്‌ തിരിച്ചു വന്നില്ല. അവശേഷിച്ച നാല്‌ പേരും മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ കഴിയുകയായിരുന്നു.
സ്വന്തമായി ടിക്കറ്റെടുത്താല്‍ എക്‌സിറ്റ്‌ തരാമെന്ന്‌ സ്‌പോണ്‍സര്‍ ഉറപ്പ്‌ നല്‍കിയതായി പ്രശ്‌നത്തില്‍ ഇടപെട്ട ഒരു സാമുഹിക പ്രവര്‍ത്തകന്‍ പറഞ്ഞു. ആ വാക്ക്‌ വിശ്വസിച്ച്‌ ഖഫ്‌ജിയിലെത്തിയപ്പോഴാണ്‌ ഇഖാമക്കും ഇന്‍ഷൂറന്‍സിനും ചിലവായ 1,500 റിയാല്‍ വീതം മൊത്തം ആറായിരം റിയാല്‍ നല്‍കണമെന്ന്‌ സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടതെന്ന്‌ നന്ദകുമാര്‍ അറിയിച്ചിരുന്നു.
ഭാര്യയും മക്കളുമുള്ള നാല്‌ പേരും കുടംബനാഥന്മാരാണ്‌. ആദ്യത്തെ ഒരു മാസം മാത്രമാണ്‌ ജോലി ചെയ്‌തത്‌. അതിന്‌ ലഭിച്ച ശമ്പളം തീര്‍ന്നതോടെ കടം മേടിച്ചാണ്‌ കഴിഞ്ഞത്‌. ഭക്ഷണം പോലുമില്ലാതെ പ്രയാസമനുഭവിച്ച നാല്‌ പേര്‍ക്കും മലയാളം ന്യൂസ്‌ ഖഫ്‌ജി ലേഖകനും സാമൂഹിക പ്രവര്‍ത്തകനുമായ ജലീല്‍ കോഴിക്കാടാണ്‌ തുണയായത്‌. ഒരു മാസക്കാലം നാല്‌ പേര്‍ക്കും ഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയ ജലീല്‍ തന്നെ സ്‌പോണ്‍സറുമായി കണ്ട്‌ പാസ്‌പോര്‍ട്ടില്‍ എക്‌സിറ്റ്‌ ലഭിക്കുന്നതിനും വഴിയൊരുക്കി. ഖഫ്‌ജി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരായ അബ്‌ദുല്ല കണ്ണൂര്‍, സാജിദ്‌ എന്നിവരും സ്‌പോണ്‍സറുമായി ബന്ധപ്പെട്ടിരുന്നു.
സ്‌പോണ്‍സര്‍ ആവശ്യപ്പെട്ട തുക നാലു പേരും സുഹൃത്തുക്കളില്‍ നിന്ന്‌ ആറായിരം റിയാല്‍ കടം വാങ്ങിയാണ്‌ നല്‍കിയത്‌. സ്‌പോണ്‍സറില്‍ നിന്നും ആയിരം റിയാല്‍ തിരിച്ചുവാങ്ങിയതുള്‍പ്പെടെ രണ്ട്‌ പേര്‍ക്ക്‌ ടിക്കറ്റിനുള്ള തുകയുമായി നാല്‌ പേരും ദമാമിലേക്ക്‌ പുറപ്പെട്ടു. രണ്ട്‌ പേര്‍ക്ക്‌ കൂടി ടിക്കറ്റിന്‌ വഴിയൊരുങ്ങുന്നതോടെ നാല്‌ പേരും നാട്ടിലേക്ക്‌ തിരിക്കും. ഗള്‍ഫ്‌ സ്വപനങ്ങള്‍ മാറ്റി വച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന ഇവര്‍ ഏജന്റില്‍ നിന്ന്‌ നഷ്ടപരിഹാരം വസൂലാക്കാമെന്ന പ്രതീക്ഷയിലാണ്‌.