ഗ്ലോബല്‍ കൗണ്‍സില്‍ ഫുട്‌ബോള്‍ മേള ബദര്‍ അല്‍ റബീ ഫൈനലില്‍

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ എവര്‍റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടി നടക്കുന്ന ഫുട്‌ബോള്‍ മേളയില്‍ ബദര്‍ അല്‍ റബീ ടീം ഫൈനലിലെത്തി. രണ്ടിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ ദമാം സ്‌പോര്‍ടിംഗ്‌ സെന്റര്‍ ടീമിനെ തോല്‍പ്പിച്ചാണ്‌ അവര്‍ ഫൈനലില്‍ കടന്നത്‌.
കോര്‍ണിഷ്‌ സോക്കര്‍ - തെക്കേപ്പുറം എഫ്‌.സി കളിയിലെ വിജയികളുമായി ഡിസംബര്‍ നാലിന്‌ വെള്ളിയാഴ്‌ച അവര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ജവാസാത്തിന്‌ സമീപം പ്രത്യേകം തയാറാക്കുന്ന ഫ്‌ളഡ്‌ലിറ്റ്‌ ഗ്രൗണ്ടില്‍ രാത്രി എട്ടര മണിക്കാണ്‌ ഫൈനല്‍. ഫൈനല്‍ മത്സരത്തിന്‌ മുമ്പായി അണ്ടര്‍ 16 കുട്ടികളുടെ മത്സരവും നടത്തും.
ഗ്രൗണ്ടില്‍ കളി നടക്കുന്നതിനിടെ ഏതാനും ദിവസങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ചാണ്‌ ടൂര്‍ണമെന്റ്‌ തുടരുന്നതിന്‌ വഴിയൊരുക്കിയത്‌. സാമൂഹിക പ്രവര്‍ത്തകരെയും വിവിധ ക്ലബ്‌ പ്രതിനിധികളെയും പങ്കെടുപ്പിച്ച്‌ സംഘാടകര്‍ ഒരുക്കിയ ചര്‍ച്ചയില്‍ കോര്‍ണിഷ്‌ സോക്കറും തെക്കേപ്പുറം എഫ്‌.സിയും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക്‌ ഫൈനലില്‍ പ്രവേശനം നല്‍കാമെന്ന ഒത്തുതീര്‍പ്പ്‌ ഫോര്‍മുലക്ക്‌ എല്ലാവരും അംഗീകാരം നല്‍കി. ഈ മത്സരം വെള്ളിയാഴ്‌ച വൈകുന്നേരം 5.15ന്‌ നടക്കും. സംഘാടകരെ പ്രതിനിധീകരിച്ച്‌ വര്‍ഗീസ്‌ മൂലന്‍, റസാഖ്‌ കോഴിക്കോട്‌, ജഗിമോന്‍ ജോസഫ്‌, അബ്‌ദുല്‍ ജബ്ബാര്‍, റഫീഖ്‌ തുടങ്ങിയവരും ടീമുകളെ പ്രതിനിധീകരിച്ച്‌ സിദ്ദീഖ്‌ (കോര്‍ണിഷ്‌ സോക്കര്‍), ഷഹീര്‍ (തെക്കേപ്പുറം), ഹനീഫ (ബദര്‍ അല്‍ റബീ) എന്നിവരും പങ്കെടുത്തു.