ഖത്തറില്‍ നിന്നും സൗദി മരുഭൂമിയില്‍ എത്തിച്ച രണ്ട്‌ ഇന്ത്യക്കാര്‍ കൂടി രക്ഷനേടി നാട്ടിലേക്ക്‌

ദമാം: ഖത്തര്‍ വിസയിലെത്തി സൗദിയിലെ മരുഭൂമിയില്‍ ഒട്ടകം മേയ്‌ക്കാന്‍ നിര്‍ബന്ധിതരായ രണ്ട്‌ ഇന്ത്യക്കാര്‍ കൂടി നാട്ടിലേക്ക്‌ മടങ്ങി. ഉത്തര്‍പ്രദേശ്‌ അഅ്‌സംഗഡ്‌ നിവാസികളായ ഫിറോസ്‌, അരവിന്ദ്‌ എന്നിവര്‍ക്ക്‌ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ദമാമിലെ സാമൂഹിക പ്രവര്‍ത്തകന്‍ നാസ്‌ വക്ക (നവോദയ) മാണ്‌ നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ വഴിയൊരുക്കിയത്‌.
ഖത്തറില്‍ വീട്ടു ഡ്രൈവര്‍മാരായാണ്‌ മെയ്‌ നാലിന്‌ അരവിന്ദനും മുപ്പതിന്‌ ഫിറോസും എത്തിയത്‌. വിസക്ക്‌ വേണ്ടി ഏജന്‍റിന്‌ അരവിന്ദ്‌ നാട്ടില്‍ നല്‍കിയത്‌ അറുപതിനായിരം രൂപയാണ്‌. ഫിറോസിന്‌ വേണ്ടി ഖത്തറില്‍ പിതാവ്‌ 55000 രൂപക്ക്‌ തുല്യമായ റിയാല്‍ നല്‍കി. 900 റിയാല്‍ ശമ്പളം കിട്ടുമെന്നാണ്‌ പറഞ്ഞിരുന്നതെങ്കിലും കിട്ടിയത്‌ അഞ്ഞൂറ്‌ റിയാലാണ്‌.
ഖത്തറിലെത്തി രണ്ട്‌ മാസത്തിനകം രണ്ട്‌ പേരെയും സന്ദര്‍ശക വിസയില്‍ സൗദിയിലെ മരുഭൂമിയിലേക്ക്‌ കൊണ്ടുവന്നു. മരുഭൂമിയില്‍ സ്‌പോണ്‍സറുടെ
മുന്നൂറ്‌ ആടിനെയും നാനൂറ്‌ ഒട്ടകങ്ങളെയും മേയ്‌ക്കുന്ന ജോലിയാണ്‌ കിട്ടിയത്‌.
സ്‌പോണ്‍സര്‍ ഇടക്കിടെ വന്ന്‌ പോയിരുന്നു. കൊടും ചൂടും ശരിയായ ഭക്ഷണവുമില്ലാതെ സഹികെട്ടപ്പോള്‍ ഇരുവരും ജീവനും കൊണ്ട്‌ രക്ഷപ്പെട്ടു.
ഒരു നേപ്പാളിയും ഹൈദരബാദിയും നാട്ടിലെത്തുന്നതിന്‌ വഴികാണാതെ മരുഭൂമിയില്‍ കഴിയുന്നതായി അവര്‍ പറഞ്ഞു. ഹൈരബാദുകാരന്‍ മാതാപിതാക്കള്‍ ഒന്നര വര്‍ഷം മുമ്പ്‌ മരണപ്പെട്ടിട്ട്‌ പോലും നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല.
നേപ്പാളി യുവാവ്‌ നാലര വര്‍ഷമായി നാട്ടില്‍ പോയിട്ടില്ല.
മരുഭൂമിയില്‍ നിന്നും രക്ഷപ്പെട്ട ഇരുവരും ദമാമില്‍ എംബസി സേവനകേന്ദ്രത്തിലെത്തിയിരുന്നു. അവിടെ നിന്നാണ്‌ നാസ്‌ വക്കം ഇരുവരെയും തര്‍ഹീല്‍ അധികൃതര്‍ക്ക്‌ മുമ്പാകെ ഹാജരാക്കിയത്‌. എംബസിയുടെ അധികാരപത്രം വാങ്ങി അരവിന്ദിനെയും ഫിറോസിനെയും സ്വന്തം ജാമ്യത്തില്‍ തര്‍ഹീലില്‍ നിന്നും മോചിതരാക്കിയ നാസ്‌ ആഴ്‌ചകളോളം അവര്‍ക്ക്‌ താമസസൗകര്യവും നല്‍കി. എംബസി രണ്ട്‌ പേര്‍ക്കും യാത്രാരേഖയായി ഇ.സി. നല്‍കിയെങ്കിലും എക്‌സിറ്റ്‌ ലഭിക്കാന്‍ ദിവസങ്ങളെടുത്തു. ഖത്തറില്‍ നിന്നും സൗദിയിലെത്തിയത്‌ സന്ദര്‍ശക വിസയിലായിരുന്നതിനാലാണ്‌ എക്‌സിറ്റ്‌ ലഭിക്കുന്നതിന്‌ താമസം നേരിട്ടതെന്ന്‌ നാസ്‌ പറഞ്ഞു.
ബന്ധുക്കള്‍ നാട്ടിലും ഖത്തറിലും പരാതി നല്‍കിയിരുന്നു. ഖത്തര്‍ എംബസി ഉദ്യോഗസ്ഥനായ അറോറയും റിയാദ്‌ എംബസി വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥരും വിവരങ്ങള്‍ ആരാഞ്ഞിരുന്നുവെന്ന്‌ നാസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ അരവിന്ദും ഫിറോസും നാട്ടിലേക്ക്‌ യാത്രയായി. നാസ്‌ വക്കം, ഷംനാദ്‌, വാസു (താന്‍സ്‌വ) തുടങ്ങിയവര്‍ ഇരുവരെയും യാത്രയയക്കാനെത്തിയിരുന്നു.