ആവേശം പകര്‍ന്ന്‌ പെനാല്‍ട്ടി ഷൂട്ടൗട്ട്‌ മത്സരം

ദമാം: നവോദയ ദമാം നോര്‍ത്ത്‌ ഏരിയക്ക്‌ കീഴില്‍ അബൂ ഹദ്‌രിയ ഘടകം ഈദിനോടനുബന്ധിച്ച്‌ നടത്തിയ രണ്ടാമത്‌ പെനാല്‍ട്ടി ഷൂട്ടൗട്ട്‌ മത്സരം കാണികള്‍ക്ക്‌ ആവേശം പകര്‍ന്നു.നോര്‍ത്ത്‌ ഏരീയ സ്‌പോര്‍ട്‌സ്‌ കണ്‍വീനര്‍ ഹരിദാസ്‌ ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചു. ഭാഷാഭേദമന്യേ എല്ലാ പ്രവാസികളെയും പങ്കെടുപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എണ്‍പതോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിലനിന്ന മത്സരത്തില്‍ പ്രശാന്ത്‌ കണ്ണൂര്‍ ഏറ്റവും മികച്ച ഗോള്‍കീപ്പറായും ബംഗ്ലാദേശുകാരനായ ആഷിക്‌ ഏറ്റവും നല്ല ഷൂട്ടറായും തിരഞ്ഞെടുക്കപ്പെട്ടു.
ദെല്ലയില്‍ പഴയ പള്ളിക്ക്‌ സമീപം പ്രത്യേകം ഒരുക്കിയ മൈതാനിയില്‍ ഉച്ചക്ക്‌ ഒരു മണിയോടെയാണ്‌ മത്സരം ആരംഭിച്ചത്‌. അഞ്ച്‌ ഗോള്‍കീപ്പര്‍മാര്‍ ഗോള്‍ വലയം കാത്തു. ആദ്യ റൗണ്ടില്‍ ഓരോ ഷൂട്ടറും അഞ്ച്‌ പെനാല്‍ട്ടികിക്ക്‌ അടിച്ചു. ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്‌തവര്‍ രണ്ടാം റൗണ്ടിലേക്കും മൂന്നാം റൗണ്ടിലേക്കും കടന്നു. ഏറ്റവും കൂടുതല്‍ ഗോളടിച്ച ആഷികിന്‌ പിറകില്‍ സതീശന്‍ രണ്ടാമനായി. ഏറ്റവും കൂടുതല്‍ ഗോള്‍ രക്ഷിച്ച പ്രശാന്തിനെ ഒന്നാമനും അബ്‌ദുല്‍ കലാമിനെ രണ്ടാമനുമായി തെരഞ്ഞെടുത്തു. വിജയികള്‍ക്ക്‌
ട്രോഫികളും കാഷ്‌ അവാര്‍ഡും ഏരിയ സെക്രട്ടറി ജയപ്രകാശ്‌, സുരേഷ്‌ ബാബു, യൂനിറ്റ്‌ ഭാരവാഹികളായ അരവിന്ദന്‍, പ്രഭാകരന്‍ എന്നിവര്‍ കൈമാറി.