സല്‍ബൂക്ക്‌ കാര്‍ അപകടം; ഷമീനയും മരണത്തിന്‌ കീഴടങ്ങി

ദമാം: ഭര്‍ത്താവും സഹോദരനുമുള്‍പ്പെടെ അഞ്ച്‌ പേരെ കവര്‍ന്നെടുത്ത അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ആറ്‌ മാസത്തിലേറെ ജീവന്‌ വേണ്ടി പൊരുതിയ ഷമീനയും അലംഘനീയമായ വിധിക്ക്‌ കീഴടങ്ങി. തിരുവനന്തപുരം കാരയ്‌ക്കാമണ്‌ഡപം ശംസ്‌ മന്‍സിലില്‍ പരേതരായ ശംസുദ്ദീന്‍ - ശരീഫ ബീവി ദമ്പതികളുടെ മകളാണ്‌. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷമീന ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതം മൂലം മരിച്ചതായി ജ്യേഷ്‌ഠന്‍ ബഷീര്‍ മലയാളം ന്യൂസിന്‌ വിവരം നല്‍കി. തിങ്കളാഴ്‌ച രാത്രി കാര്യമായ അസ്വാസ്ഥ്യമൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. മൃതദേഹം ഇന്നലെ ഉച്ചക്ക്‌ മൂന്ന്‌ മണിയോടെ നേമം ജുമാഅത്ത്‌ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഉംറ നിര്‍വഹിച്ച്‌ മടങ്ങുന്ന വഴി മെയ്‌ പത്തിന്‌ ഞായറാഴ്‌ചയാണ്‌ മെയ്‌ പത്തിന്‌ റിയാദ്‌ - ഹസ റൂട്ടില്‍ സല്‍ബൂക്കിന്‌ സമീപമാണ്‌ ഷമീനയുള്‍പ്പെടെ പത്ത്‌ പേര്‍ യാത്ര ചെയ്‌ത ഇന്നോവ കാര്‍ അപകടത്തില്‍ പെട്ടത്‌. സാരമായി പരിക്കേറ്റ്‌ ഷമീന ആറ്‌ മാസത്തോളം കിംഗ്‌ ഫഹദ്‌ മിലിട്ടറി ഹോസ്‌പിറ്റലിലും റിയാദ്‌ മെഡിക്കല്‍ കെയര്‍ ഹോസ്‌പിറ്റലിലും മരണത്തോട്‌ മല്ലിട്ട്‌ കഴിച്ചുകൂട്ടി. അതീവ ഗുരുതര നിലയിലായിരുന്ന ഷമീന നിരവധി ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയയായി. ഷീബ ജഹാംഗീര്‍, ഷാഹിദ ബഷീര്‍, മീര ഉമര്‍, എന്നിവരുടെ നേതൃത്വത്തില്‍ റിയാദിലെ കെ.ആര്‍. ഡബ്ലിയു പ്രവര്‍ത്തകരുടെ പരിചരണം ഷമീനക്ക്‌ ഏറെ സാന്ത്വനമായിരുന്നു.
വെന്റിലേറ്ററിലായിരുന്ന ഷമീനയെ സൗദിയ വിമാനത്തില്‍ കഴിഞ്ഞ മാസം എട്ടിനാണ്‌ പെയ്‌സ്‌ മേക്കറും, ഓക്‌സിജന്‍ ഉപകരണങ്ങളുമുള്‍പ്പെടെ ആധുനിക സംവിധാനങ്ങളോടെ നാട്ടിലേക്ക്‌ കൊണ്ടുപോയത്‌. ഇടക്ക്‌ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമായത്‌ കാരണം ഏറെ പ്രയാസം സഹിച്ച്‌ നേരിട്ട്‌ പ്രവര്‍ത്തിപ്പിച്ചാണ്‌ ജീവന്‍ നിലനിര്‍ത്തിയത്‌. ഷമീനയെ അനുഗമിച്ച സഹോദരന്‍ ബഷീര്‍ ഉപകരണങ്ങള്‍ തിരിച്ച്‌ റിയാദില്‍ ആശുപത്രിയിലെത്തിച്ച ശേഷം വീണ്ടും നാട്ടിലേക്ക്‌ മടങ്ങിയിരുന്നു.
അപകടത്തില്‍ ഷമീനയുടെ ഭര്‍ത്താവ്‌ വിഴിഞ്ഞം പറങ്കിമാം വിള വീട്ടില്‍ മുഹമ്മദ്‌ കണ്ണ്‌ - നബീസ ബീവി ദമ്പതികളുടെ മകന്‍ എ.എസ്‌. മന്‍സിലില്‍ അബ്‌ദുല്‍ ഹസന്‍ (53) ഷമീനയുടെ സഹോദരന്‍ അനഫുദ്ദീന്‍ (31), ഭാര്യ വള്ളക്കടവ്‌ ഷൈനി മന്‍സിലില്‍ അബ്‌ദുല്‍റഷീദ്‌ - ബീമ ദമ്പതികളുടെ മകള്‍ ഷൈനി (27), ഒന്നര വയസ്‌ പ്രായമുള്ള കുഞ്ഞ്‌ ഫസീല, മറ്റൊരു സഹോദരന്‍ നൂജൂമുദ്ദീന്റെ ഭാര്യയും മണക്കാട്‌ ഷിബി കോട്ടേജില്‍ അബ്‌ദുല്‍ ഹമീദ്‌ - ലൈലാബീവി ദമ്പതികളുടെ മകളുമായ ഷെര്‍മി (32) എന്നിവര്‍ മരിച്ചു.
ഗുരുതരമായി പരിക്കേറ്റിരുന്ന നുജൂമുദ്ദീന്‍ നാട്ടില്‍ ചികിത്സയിലാണ്‌. നുജൂമുദ്ദീന്റെ മക്കളായ മുബാറക്കും മുഷ്‌താഖും, അനഫുദ്ദീന്റെ മകള്‍ ഫാത്തിമയും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു. ഇവരും നാട്ടിലാണ്‌.
പരിക്കേറ്റ്‌ റിയാദിലും നാട്ടിലും ചികിത്സയില്‍ കഴിഞ്ഞ സഹോദരി ഷമീനക്ക്‌ സഹായവും സഹകരണവും നല്‍കിയ എല്ലാവര്‍ക്കും തന്റെയും കുടുംബത്തിന്റെയും നന്ദി അറിയിച്ച ബഷീര്‍ പ്രാര്‍ത്ഥനകള്‍ക്കായി അഭ്യര്‍ത്ഥിച്ചു.