ബസിടിച്ച്‌ ആബി വര്‍ഗീസ്‌ ആശുപത്രിയില്‍; വിദഗ്‌ധ ചികിത്സക്ക്‌ വഴി തേടുന്നു

ദമാം: പുതിയ വിസയില്‍ തിരിച്ചെത്തുന്നതിന്‌ സൗദിയില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങിയ മലയാളി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ അബോധാവസ്ഥയില്‍. കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത്‌ പൈലിക്കവലയില്‍ വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനായ ആബി വര്‍ഗീസ്‌ (33) ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബസിടിക്കുകയായിരുന്നു. ഏതാണ്ട്‌ നാലര ലക്ഷം രൂപയോളം ഇതിനകം ചിലവഴിക്കേണ്ടി വന്ന കുടുംബം തുടര്‍ചികിത്സക്ക്‌ വഴിയില്ലാതെ പ്രയാസപ്പെടുകയാണ്‌.
പത്ത്‌ വര്‍ഷത്തോളം അല്‍കോബാറില്‍ സ്റ്റാര്‍ മ്യൂസിക്‌സില്‍ സെയില്‍സ്‌മാനായിരുന്നു. ഖമീസ്‌ മുഷൈത്തില്‍ ഒരു സ്വകാര്യ ഡിസ്‌പന്‍സറിയില്‍ നഴ്‌സാണ്‌ ഭാര്യ ഷീന. നാല്‌ വയസ്‌ മാത്രം പ്രായമുള്ള കുഞ്ഞുണ്ട്‌. അബഹയില്‍ ജോലിക്ക്‌ വരുന്നതിനുള്ള ഒരുക്കത്തിലാണ്‌ ഏതാനും മാസം മുമ്പ്‌ ആബി നാട്ടിലേക്ക്‌ മടങ്ങിയത്‌.
സെപ്‌തംബറില്‍ ചങ്ങനാശ്ശേരിക്കടുത്ത്‌ രാത്രി ഒമ്പതര മണിയോടെയായിരുന്നു അപകടം. തലക്ക്‌ സാരമായ ക്ഷതമേറ്റ ആബി വര്‍ഗീസിനെ ഉടനെ പുഷ്‌പഗിരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിപ്പിച്ചു. അപകടവിവരം ലഭിച്ച ഭാര്യ ഷീന അവധിയെടുത്ത്‌ നാട്ടിലെത്തിയിരുന്നു. രണ്ട്‌ ശസ്‌ത്രക്രിയ കഴിഞ്ഞു. ഇനിയും മാസങ്ങള്‍ വേണ്ടിവരുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്‌. ആബി വര്‍ഗീസിന്റെ നിലയിലുണ്ടായ പുരോഗതി അതേ ആശുപത്രിയില്‍ ചികിത്സ തുടരുന്നതിന്‌ പ്രതീക്ഷ നല്‍കുന്നു. മൊബൈല്‍ കൈയില്‍ നല്‍കിയാല്‍ ചെവികളില്‍ അടുപ്പിച്ച്‌ പിടിക്കുന്നതായി ഇഖാമ പുതുക്കുന്നതിന്‌ അബഹയില്‍ തിരിച്ചെത്തിയ ഷീന മലയാളം ന്യൂസിനോട്‌ പറഞ്ഞു. അപകടത്തില്‍ മനസലിഞ്ഞ ആശുപത്രി അധികൃതര്‍ ആറ്‌ മാസം കൂടി അവധി നല്‍കാനുള്ള സന്മനസ്‌ കാണിച്ചതിനാല്‍ ഇഖാമ പുതുക്കി ലഭിച്ചാലുടനെ ഷീന നാട്ടിലേക്ക്‌ മടങ്ങുകയാണ്‌.
ആബിയുടെ ചികിത്സക്കായി ഇതിനകം നാലരലക്ഷം രൂപയോളം കുടുംബം ചിലവഴിച്ചു. ഇനിയും ലക്ഷങ്ങള്‍ വേണ്ടി വരാവുന്ന ചികിത്സക്ക്‌ യാതൊരു വഴിയും കുടുംബത്തിന്‌ മുന്നിലില്ല. ചങ്ങനാശ്ശേരി വാഴപ്പള്ളി സര്‍വീസ്‌ കോ-ഓപ്പ്‌ ബാങ്കിലെ 9947 നമ്പര്‍ അക്കൗണ്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇന്ത്യയില്‍
അമ്മ മറിയാമ്മ ജോര്‍ജ്‌ (0091 994720 5569)മായും, സൗദിയില്‍ അല്‍കോബാറില്‍ 050796 1998 (റോജോ ജോസ്‌), 0501280250 (ജൂബി തോമസ്‌) എന്നിവരുമായും ബന്ധപ്പെടാം.