ദമാമില്‍ മലയാളിയുടെ മുറിയില്‍ കടന്ന്‌ മൊബൈലും പണവും കവര്‍ന്നു

ദമാം: അധികസുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പ്‌ വാതിലും രക്ഷയായില്ല. സുഹൃത്തുക്കളാണ്‌ മുട്ടുന്നതെന്ന്‌ കരുതി വാതില്‍ തുറന്ന മലയാളിയുടെ മുറിയില്‍ കടന്ന അക്രമികള്‍ മൊബൈലും പണവും കവര്‍ന്നു. ദമാം അദാമയില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട്‌ മണിയോടെ മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദിനാണ്‌ ഈ ദുരനുഭവം. നേരത്തെ ദമാം ഇന്ത്യന്‍ സ്‌കൂളില്‍ ഡ്രൈവറായിരുന്ന കുഞ്ഞുമുഹമ്മദ്‌ ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്‌.
താമസസ്ഥലത്ത്‌ കവര്‍ച്ചക്കാരുടെ കടന്നുകയറ്റം തടയാനാണ്‌ ഇരുമ്പ്‌ വാതില്‍ വെച്ചത്‌. കൂടെ താമസിക്കുന്നവര്‍ തിരിച്ച്‌ മുറിയിലെത്താറുള്ളത്‌ ഏതാണ്ട്‌ രാത്രി എട്ട്‌ - എട്ടര മണിയോടെയാണ്‌. അവരാണെന്ന്‌ കരുതി, പുറത്ത്‌ നിന്നും മുട്ടുന്നത്‌ ആരെന്ന്‌ ഉറപ്പ്‌ വരുത്താതെ വാതില്‍ തുറന്നതാണ്‌ കവര്‍ച്ചക്ക്‌ കാരണമായത്‌. കറുപ്പ്‌ നിറമുള്ള മൂന്ന്‌ അറബ്‌ ചെറുപ്പക്കാരാണ്‌ മുറിയില്‍ കടന്നതെന്ന്‌ കുഞ്ഞുമുഹമ്മദ്‌ പറഞ്ഞു. അനങ്ങാന്‍ സമ്മതിക്കാതെ ഒരാള്‍ പിടിച്ചുവെച്ചു. മറ്റുള്ളവര്‍ മുറിയില്‍ ഒന്നാകെ തിരഞ്ഞ്‌ മൊബൈലും പേഴ്‌സും കവര്‍ന്നു. പുറത്ത്‌ കടന്ന്‌ പേഴ്‌സില്‍ നിന്നും പണം മാത്രമെടുത്ത്‌ ഇഖാമയും ലൈസന്‍സും ഉപേക്ഷിച്ചു പോയി. അവയെങ്കിലും തിരിച്ചുകിട്ടിയല്ലോ എന്ന സമാശ്വാസത്തിലാണ്‌ കുഞ്ഞുമുഹമ്മദ്‌


അല്‍കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തി കാണിച്ച്‌ കവര്‍ച്ച

ദമാം: അല്‍കോബാര്‍ ഫവാസ്‌ സ്‌ട്രീറ്റിലെ ഈമാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം കത്തി കാണിച്ച്‌ കവര്‍ച്ച നടന്നു.എറണാകുളം സ്വദേശി ബാബു, കൊല്ലം കുമാര്‍ എന്നിവരാണ്‌ ഈ കടയില്‍ ജോലി ചെയ്യുന്നത്‌. കടയില്‍ കയറിയ അക്രമികള്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി രണ്ടായിരത്തോളം റിയാലിന്റെ മൊബൈല്‍ റീ ചാര്‍ജ്‌ കാര്‍ഡും ആയിരത്തിലേറെ റിയാലും കളവ്‌ ചെയ്‌തു. സ്‌പോണ്‍സര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.