വൈവിധ്യങ്ങളുടെ സംഗമ വേദിയായി ദമാമില്‍ ഫ്രറ്റേണിറ്റി ഈദ്‌ കായികമേള

ദമാം: ഈദ്‌ ദിനത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമാമില്‍ നടത്തിയ കായിക മേള ദേശ-വേഷ-ഭാഷാ വൈവിധ്യങ്ങളുടെ അപൂര്‍വ്വ സംഗമത്തിന്‌ വേദിയൊരുക്കി. ഇന്ത്യയിലെ പതിമൂന്നോളം സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറോളം പേര്‍ മീറ്റില്‍ പങ്കെടുത്തു. വര്‍ണാഭമായ മാര്‍ച്ച്‌ പാസ്റ്റോടെയാണ്‌ രാവിലെ മേളക്ക്‌ തുടക്കം കുറിച്ചത്‌. വടംവലി, കുടം തല്ലിപ്പൊട്ടിക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍, ഓട്ടം, സ്ലൊ സൈക്ലിംഗ്‌, തവളച്ചാട്ടം, ലോംഗ്‌ ജംപ്‌, ചാക്കില്‍ കയറി ഓട്ടം തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ മത്സരം നടന്നു. സ്വദേശികളെയടക്കം ആകര്‍ഷിച്ച വടംവലി മത്സരം കാണികളെ ആവേശത്തിന്റെ നെറുകയിലെത്തിച്ചു.

ദമ്മാം, ടൊയോട്ട, അല്‍ കോബാര്‍, ജുബൈല്‍, തുഖ്‌ബ എന്നിവിടങ്ങളില്‍ നിന്നായി ആറ്‌ ക്ലബ്ബുകള്‍ കായിക മേളയില്‍ പങ്കാളികളായി. നിലവിലെ ചാമ്പ്യന്മാരായ ഫിനിക്‌സ്‌ ജുബൈലിനെ പിന്തള്ളി ദമാമില്‍ നിന്നുള്ള ചലഞ്ചേഴ്‌സ്‌ ക്ലബ്‌ ഓവറോള്‍ ചാമ്പ്യന്മാരായി. അഹമ്മദ്‌ മീരാന്‍, അബ്ദുല്‍ അലി, റഷീദ്‌ എരുമേലി, ഹാസുദ്ദീന്‍ നാഗപട്ടണം എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ആഷിഖ്‌ കന്യാകുമാരി, അബ്ദുല്‍ സലാം കോഴിക്കോട്‌, ഇബ്രാഹിം ഖാദര്‍, അബ്ദുല്‍ റഷീദ്‌ ചെറുവാടി, മുഹമ്മദലി മണ്ണാര്‍ക്കാട്‌ തുടങ്ങിയവര്‍ കായികമേളക്ക്‌ നേതൃത്വം നല്‍കി. സമാപന ചടങ്ങില്‍ ഇംതിയാസ്‌ (കര്‍ണാടക) അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന താന്‍സ്‌വ പ്രസിഡന്റ്‌ അബ്ദുല്‍ സത്താര്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഇബ്രാഹിം ഖാദര്‍ കൃഷ്‌ണപുര സ്വാഗതവും മുഹമ്മദ്‌ ഫൈസല്‍ ചെന്നൈ നന്ദിയും പറഞ്ഞു.�